2019 ഏപ്രിൽ 15, തിങ്കളാഴ്‌ച

അജിയണ്ണൻ


"നിനക്ക് എന്തൊരു സ്പീഡാ". തോട് കഴിയുമ്പോൾ അജിയണ്ണന്റെ ശബ്ദം ഞാനിപ്പോഴും കേൾക്കാറുണ്ട്.

ഡിഗ്രി കാലം

അന്നും ഇന്നും എന്നും കൃത്യനിഷ്ഠയ്ക്ക് കുപ്രസിദ്ധി ഉള്ളയാളാണ് ഞാൻ.

അടൂർ വരെ പോകണം. നജാ ബസ് കിട്ടിയില്ലേൽ ഞാൻ കോളേജിൽ ലേറ്റ് ആകും. വീട്ടിൽ നിന്ന് ഇറങ്ങുമ്പോളെ കണക്കുകൂട്ടൽ തുടങ്ങും. 12 ഇല്ല. 10 ഇല്ല. 7 മിനിറ്റു മാത്രം. 3 മിനിറ്റ് കൊണ്ട് എത്തേണ്ട പോയിന്റ് കവർ ചെയ്യാൻ ഒന്നേ മുക്കാൽ മിനിറ്റ് മാത്രം. ഈ കണക്കുകൂട്ടലിൽ പകുതി എത്തുമ്പോളേക്കും ഒരു വിളി പുറകിൽ നിന്ന് കേൾക്കാം.

അജിയണ്ണന്റെ കൂടെ നടക്കാൻ നല്ല രസമാ. ഇന്നലെ എഴുതിയ psc പരീക്ഷ, ചിറക്കലുത്സവത്തിലെ ഗാനമേള, ഇന്നലത്തെ കളിയിലെ സച്ചിന്റെ സെഞ്ചുറി, മൈലപ്രായിൽ  വേണു ചേട്ടന്റെ കൂടെ കല്യാണ സ്വർണത്തിന്റെ ഓർഡർ എടുക്കാൻ പോയത്, നരസിംഹത്തിലെ മോഹൻലാലിന്റെ പ്രകടനം, ഇന്നലത്തെ വോളിബാൾ മത്സരത്തിൽ ഓരോരുത്തരും വരുത്തിയ തെറ്റ് - ഇങ്ങനെ വിഷയങ്ങൾ മാറി മാറി വരും. ഈ നിഷ്കളങ്കമായ സംസാരം കേൾക്കാൻ വേണ്ടി കോളേജിൽ അല്പം താമസിച്ച് എത്താനും ഞാൻ തയ്യാറായിരുന്നു.

അന്ന് പതിവിന് വ്യത്യാസമായി ഒരല്പം നേരത്തെ ഞാൻ ഇറങ്ങി. വൈകിട്ട് വീട്ടിൽ വന്നപ്പോളാണ് അമ്മ പറഞ്ഞത്- അജിയണ്ണന് ആക്‌സിഡന്റ്. പത്തനംതിട്ട പോലീസ് സ്റ്റേഷനു മുമ്പിൽ സ്കൂട്ടർ വേണാടിൽ ഇടിച്ചു. ഏതോ ഒരു ഫ്രണ്ട് ലിഫ്റ്റ് കൊടുത്തതാ.

അന്ന് മാത്രം ഞാൻ എന്തിനാ നേരത്തേ പോയത്. ഞാൻ ഉണ്ടായിരുന്നെങ്കിൽ ഉറപ്പായും ആ ഫ്രണ്ടിന്റെ കൂടെ പോകില്ലാരുന്നു.

അല്ലെങ്കിൽ ....
എന്റെ സ്പീഡിനെ കടിഞ്ഞാണിടുന്ന പോലെ അജിയണ്ണന് ആ വേണാട് ബസിന്റെ സ്പീഡിനെ കടിഞ്ഞാണിടാൻ കഴിയുമായിരുന്നെങ്കിൽ ...
ഉത്സവങ്ങളിലെ ഒഴിഞ്ഞ സദസ്സിലെ ഗാനമേളകളിൽ എവിടെയോ, അടി ഉണ്ടാക്കുമ്പോൾ എല്ലാവരുടെയും പരിഭവം കേൾക്കാൻ മാവിൻ ചുവട്ടിൽ, ജേഷ്ഠനെ പോലെ ഉപദേശിക്കാൻ അമ്പലത്തിലെ ആലിൻ ചുവട്ടിൽ, വോളിബാൾ കളിക്കുമ്പോൾ സെന്ററിൽ നിന്ന് ബോൾ കളയാൻ മൈതാനത്ത് ....  ഞങ്ങളുടെ അജിയണ്ണൻ ...

അനീഷ്‌ 

2019 ഏപ്രിൽ 8, തിങ്കളാഴ്‌ച

മുനയൊടിഞ്ഞ അക്ഷരങ്ങൾ

ഒമ്പതാം ക്ലാസ്സ്
"ഉത്തരം മുഴുവൻ ശരിയാ. ഇവൻ കോപ്പി അടിച്ചതാണെന്നുറപ്പാ". അലക്ഷ്യമായി എഴുതിയ ഉത്തരപേപ്പർ കാട്ടി സ്കൂളിൽ പുതിയതായി വന്ന ടീച്ചർ പറയുമ്പോൾ എന്റെ ജൂനിയേർസ് അതിലെ പേര് വായിച്ചെടുത്തു - അനീഷ് ചന്ദ്രൻ

അഞ്ചാം ക്ലാസ്സ്
"ഈ വിഷയത്തിന് മുഴുവൻ മാർക് വാങ്ങിയാൽ ഒരു സമ്മാനം ഉണ്ട്"
ജോളി ടീച്ചർ ഇത് പറയുമ്പോൾ എനിക്ക് സന്തോഷം ആയിരുന്നു. വിഷയം കണക്ക് ആയതു കൊണ്ടും, കണക്കിന് പഠിക്കാതെ പോയാൽ മുഴുവൻ മാർക്കും കിട്ടും എന്നുള്ള (അന്ധ)വിശ്വാസം ഉള്ളത് കൊണ്ടും ഞാൻ ആ സമ്മാനം ഉറപ്പിച്ചു.

പക്ഷേ ആ സമ്മാനം എന്നെ ശരിക്കും ഞെട്ടിച്ചു. ഒരു ഹീറോ പേന. സ്റ്റിക്ക് പേന കൊണ്ടും റെയ്നോൾഡ്സ് പേന കൊണ്ടും എഴുതുന്നത് കൊണ്ടാണ് എന്റെ കൈയക്ഷരം മോശമായത് എന്ന ധാരണയിലാണ് ഞാൻ. ഹീറോ പേന എന്റെ നടുവൊടിഞ്ഞ അക്ഷരങ്ങളെ നിവർത്താൻ സാധിക്കും എന്ന് ഞാൻ വിശ്വസിച്ചു

അച്ഛനെ കൊണ്ട് ക്യാമലിന്റെ ഒരു മഷിക്കുപ്പി വാങ്ങിപ്പിച്ചു. മഷി നിറച്ചു തെല്ലും സമയം കളയാതെ എഴുതി നോക്കി. ഒരു മാറ്റവും ഇല്ല. പേന ഒന്നു കുടഞ്ഞാൽ കുറച്ചു കൂടി ക്‌ളീയർ ആയല്ലോ. റെഡ് ഓക്‌സൈഡ് തേച്ച തറയിലേക്ക് പേന ആഞ്ഞു വീശി. പേനയുടെ മുന തറയിൽ കൊണ്ട് മുന ഒടിഞ്ഞു. ഹീറോ പേന എന്റെ കൈയക്ഷരം നന്നാക്കും എന്ന ധാരണ അതോടു തീർന്നു.

ഇപ്പോഴും മുനയൊടിഞ്ഞ അക്ഷരങ്ങളുമായി ഞാൻ നടക്കുന്നു.

വാൽകഷ്ണം - "അവന്റെ അക്ഷരങ്ങൾ വായിച്ചെടുക്കാൻ ആദ്യം പാടായിരിക്കും. പക്ഷെ ഒന്നു പ്രായാസപ്പെട്ടാൽ പിന്നെ അങ്ങോട്ട് വായിച്ചെടുക്കാൻ പറ്റും" - അമ്മയുടെ ഈ വാക്കുകൾ വിശ്വസിക്കാമെങ്കിൽ, എഴുതന്നതിനേക്കാൾ പ്രയാസപ്പെട്ട് എന്റെ അക്ഷരങ്ങൾ വായിച്ചെടുത്ത എല്ലാവർക്കും നന്ദി. പ്രത്യേകിച്ചും എന്റെ ഉത്തരക്കടലാസ് വായിച്ചെടുത്ത ആദ്ധ്യാപകരോട്.

അനീഷ്‌ 

2019 ഏപ്രിൽ 6, ശനിയാഴ്‌ച

രാഷ്ട്രീയം


"നിന്റെ വീടിന്റെ മുമ്പിലെ പോസ്റ്റിൽ അവന്മാരുടെ പാർട്ടിയുടെ പേര് എഴുതി വച്ചത് നീ കണ്ടില്ലേ?"


പണ്ട് വാർത്ത കേൾക്കാൻ ഉള്ള സാഹചര്യങ്ങളും, സമയവും, മനസ്സും വളരെ കുറവായിരുന്നു.

ദൂരദർശനിൽ സിനിമകൾക്കിടയിൽ വരുന്ന ഇംഗ്ലീഷ്, ഹിന്ദി വാർത്തകളും ചിത്രഗീതത്തിന് മുൻപ് വരുന്ന മലയാളം വാർത്തകളും 'വാലിൽ ' കടയിൽ പോകുമ്പോൾ കേൾക്കുന്ന സയൻസ് എന്നു നാട്ടുകാർ വിളിക്കുന്ന മനുഷ്യന്റെ ഉച്ചത്തിലുളള പത്ര വായനയും സിനിമ നോക്കാൻ പത്രം എടുക്കുമ്പോൾ അറിയാതെ കാണുന്ന വെണ്ടക്ക വലിപ്പമുള്ള വാർത്തകളും ഒഴികെ വാർത്തകളുമായി കാര്യമായി ഒരു ബന്ധവും ഉണ്ടായിരുന്നില്ല.

തിരഞ്ഞെടുപ്പ് കാലത്ത് അന്നൗൺസ്‌മെന്റ് വരുമ്പോൾ ജീപ്പിന്റെ പുറകെ ഓടി നോട്ടീസ് വാരി കൂട്ടുന്നതും പോളിങ് ദിവസത്തെ അവധിക്ക് അമ്മക്കും അച്ഛനുമൊപ്പം അടുത്തുള്ള സ്കൂളിൽ   പോയി വോട്ട് ചെയ്യുന്നത് കാണുന്നതും വോട്ടെണ്ണൽ സമയത്ത് ടിവിയുടെ മുമ്പിൽ ഇരുന്ന് അച്ഛന്റെ സന്തോഷ, നിരാശകൾ പങ്കു വക്കുന്നതും ഒഴികെ തിരഞ്ഞെടുപ്പുമായും കാര്യമായ ബന്ധം ഇല്ലായിരുന്നു.

എന്നാലും എല്ലാരേയും പോലെ എനിക്കും എന്റെ കൂട്ടുകാർക്കും വീടുകളിൽ നിന്നും രാഷ്ട്രീയം പകർന്നു കിട്ടിയിട്ടുണ്ട്. കൂട്ടുകെട്ടുകൾക്കിടയിലും വീട്ടുകാരുടെ രാഷ്ട്രീയം വേർതിരിവുകൾ ഉണ്ടാക്കിയിരുന്നു. പല കളികൾക്കിടയിലും രാഷ്ട്രീയം പറഞ്ഞ് കളിയാക്കലുകളും ഉണ്ടായിട്ടുണ്ട്.

എങ്കിലും അതിന്റെ വാശിയും വൈരാഗ്യവുമൊക്കെ ചുവരെഴുത്തുകളിലെ SFI-യെ  പപ്പടം ആക്കുന്നതിലും KSU-വിനെ കടല ആക്കുന്നതിലും അവസാനിക്കുമായിരുന്നു.

അനീഷ്‌ 

കമ്മ്യൂണിസ്റ് പച്ച


"ആ ഇല വച്ച് തേക്കണം. എന്നാലേ തെളിയൂ"


ആശാൻപള്ളിക്കൂടത്തേ പറ്റി ആലോചിക്കുമ്പോൾ ആദ്യം തെളിയുന്നത് കമ്മ്യൂണിസ്റ്റ് പച്ചയാണ്.

എഴുത്താണി കൊണ്ട് അന്ന് പഠിപ്പിച്ച അക്ഷരങ്ങൾ കുറിച്ചിട്ട ഓല ആശാന്റെ കൈയിൽ നിന്ന് കിട്ടിയാൽ ആദ്യം ചെയ്യുന്നത് അതുമായി മുറ്റത്തേയ്ക്കോടും. കമ്മ്യൂണിസ്റ്റ് പച്ചയില പറിച്ച് ഓലയിൽ തേച്ചു കഴിയുമ്പോൾ അന്നത്തെ അങ്കം കഴിഞ്ഞ സന്തോഷം. അതിലുപരി വീട്ടിൽ ചെന്ന് എന്റെ നീല നിറമുള്ള പുതിയ നിയമത്തിൽ ഇന്ന് എഴുതാൻ പുതിയ അക്ഷരങ്ങൾ കിട്ടിയതിന്റെ സന്തോഷം.

അന്ന് കമ്മ്യൂണിസ്റ് പച്ച വച്ച് തേച്ച അക്ഷരങ്ങൾ ഇപ്പോളും മായാതെ എന്റെ കൈയിൽ ഉണ്ട്.

മാഞ്ഞു പോയ ചില ഓർമകൾ കമ്മ്യൂണിസ്റ്റ് പച്ച തേച്ചു വച്ചിരുന്നെങ്കിൽ ....


അനീഷ്