2019 ഏപ്രിൽ 15, തിങ്കളാഴ്‌ച

അജിയണ്ണൻ


"നിനക്ക് എന്തൊരു സ്പീഡാ". തോട് കഴിയുമ്പോൾ അജിയണ്ണന്റെ ശബ്ദം ഞാനിപ്പോഴും കേൾക്കാറുണ്ട്.

ഡിഗ്രി കാലം

അന്നും ഇന്നും എന്നും കൃത്യനിഷ്ഠയ്ക്ക് കുപ്രസിദ്ധി ഉള്ളയാളാണ് ഞാൻ.

അടൂർ വരെ പോകണം. നജാ ബസ് കിട്ടിയില്ലേൽ ഞാൻ കോളേജിൽ ലേറ്റ് ആകും. വീട്ടിൽ നിന്ന് ഇറങ്ങുമ്പോളെ കണക്കുകൂട്ടൽ തുടങ്ങും. 12 ഇല്ല. 10 ഇല്ല. 7 മിനിറ്റു മാത്രം. 3 മിനിറ്റ് കൊണ്ട് എത്തേണ്ട പോയിന്റ് കവർ ചെയ്യാൻ ഒന്നേ മുക്കാൽ മിനിറ്റ് മാത്രം. ഈ കണക്കുകൂട്ടലിൽ പകുതി എത്തുമ്പോളേക്കും ഒരു വിളി പുറകിൽ നിന്ന് കേൾക്കാം.

അജിയണ്ണന്റെ കൂടെ നടക്കാൻ നല്ല രസമാ. ഇന്നലെ എഴുതിയ psc പരീക്ഷ, ചിറക്കലുത്സവത്തിലെ ഗാനമേള, ഇന്നലത്തെ കളിയിലെ സച്ചിന്റെ സെഞ്ചുറി, മൈലപ്രായിൽ  വേണു ചേട്ടന്റെ കൂടെ കല്യാണ സ്വർണത്തിന്റെ ഓർഡർ എടുക്കാൻ പോയത്, നരസിംഹത്തിലെ മോഹൻലാലിന്റെ പ്രകടനം, ഇന്നലത്തെ വോളിബാൾ മത്സരത്തിൽ ഓരോരുത്തരും വരുത്തിയ തെറ്റ് - ഇങ്ങനെ വിഷയങ്ങൾ മാറി മാറി വരും. ഈ നിഷ്കളങ്കമായ സംസാരം കേൾക്കാൻ വേണ്ടി കോളേജിൽ അല്പം താമസിച്ച് എത്താനും ഞാൻ തയ്യാറായിരുന്നു.

അന്ന് പതിവിന് വ്യത്യാസമായി ഒരല്പം നേരത്തെ ഞാൻ ഇറങ്ങി. വൈകിട്ട് വീട്ടിൽ വന്നപ്പോളാണ് അമ്മ പറഞ്ഞത്- അജിയണ്ണന് ആക്‌സിഡന്റ്. പത്തനംതിട്ട പോലീസ് സ്റ്റേഷനു മുമ്പിൽ സ്കൂട്ടർ വേണാടിൽ ഇടിച്ചു. ഏതോ ഒരു ഫ്രണ്ട് ലിഫ്റ്റ് കൊടുത്തതാ.

അന്ന് മാത്രം ഞാൻ എന്തിനാ നേരത്തേ പോയത്. ഞാൻ ഉണ്ടായിരുന്നെങ്കിൽ ഉറപ്പായും ആ ഫ്രണ്ടിന്റെ കൂടെ പോകില്ലാരുന്നു.

അല്ലെങ്കിൽ ....
എന്റെ സ്പീഡിനെ കടിഞ്ഞാണിടുന്ന പോലെ അജിയണ്ണന് ആ വേണാട് ബസിന്റെ സ്പീഡിനെ കടിഞ്ഞാണിടാൻ കഴിയുമായിരുന്നെങ്കിൽ ...
ഉത്സവങ്ങളിലെ ഒഴിഞ്ഞ സദസ്സിലെ ഗാനമേളകളിൽ എവിടെയോ, അടി ഉണ്ടാക്കുമ്പോൾ എല്ലാവരുടെയും പരിഭവം കേൾക്കാൻ മാവിൻ ചുവട്ടിൽ, ജേഷ്ഠനെ പോലെ ഉപദേശിക്കാൻ അമ്പലത്തിലെ ആലിൻ ചുവട്ടിൽ, വോളിബാൾ കളിക്കുമ്പോൾ സെന്ററിൽ നിന്ന് ബോൾ കളയാൻ മൈതാനത്ത് ....  ഞങ്ങളുടെ അജിയണ്ണൻ ...

അനീഷ്‌ 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ