"നിന്റെ വീടിന്റെ മുമ്പിലെ പോസ്റ്റിൽ അവന്മാരുടെ പാർട്ടിയുടെ പേര് എഴുതി വച്ചത് നീ കണ്ടില്ലേ?"
പണ്ട് വാർത്ത കേൾക്കാൻ ഉള്ള സാഹചര്യങ്ങളും, സമയവും, മനസ്സും വളരെ കുറവായിരുന്നു.
ദൂരദർശനിൽ സിനിമകൾക്കിടയിൽ വരുന്ന ഇംഗ്ലീഷ്, ഹിന്ദി വാർത്തകളും ചിത്രഗീതത്തിന് മുൻപ് വരുന്ന മലയാളം വാർത്തകളും 'വാലിൽ ' കടയിൽ പോകുമ്പോൾ കേൾക്കുന്ന സയൻസ് എന്നു നാട്ടുകാർ വിളിക്കുന്ന മനുഷ്യന്റെ ഉച്ചത്തിലുളള പത്ര വായനയും സിനിമ നോക്കാൻ പത്രം എടുക്കുമ്പോൾ അറിയാതെ കാണുന്ന വെണ്ടക്ക വലിപ്പമുള്ള വാർത്തകളും ഒഴികെ വാർത്തകളുമായി കാര്യമായി ഒരു ബന്ധവും ഉണ്ടായിരുന്നില്ല.
തിരഞ്ഞെടുപ്പ് കാലത്ത് അന്നൗൺസ്‌മെന്റ് വരുമ്പോൾ ജീപ്പിന്റെ പുറകെ ഓടി നോട്ടീസ് വാരി കൂട്ടുന്നതും പോളിങ് ദിവസത്തെ അവധിക്ക് അമ്മക്കും അച്ഛനുമൊപ്പം അടുത്തുള്ള സ്കൂളിൽ പോയി വോട്ട് ചെയ്യുന്നത് കാണുന്നതും വോട്ടെണ്ണൽ സമയത്ത് ടിവിയുടെ മുമ്പിൽ ഇരുന്ന് അച്ഛന്റെ സന്തോഷ, നിരാശകൾ പങ്കു വക്കുന്നതും ഒഴികെ തിരഞ്ഞെടുപ്പുമായും കാര്യമായ ബന്ധം ഇല്ലായിരുന്നു.
എന്നാലും എല്ലാരേയും പോലെ എനിക്കും എന്റെ കൂട്ടുകാർക്കും വീടുകളിൽ നിന്നും രാഷ്ട്രീയം പകർന്നു കിട്ടിയിട്ടുണ്ട്. കൂട്ടുകെട്ടുകൾക്കിടയിലും വീട്ടുകാരുടെ രാഷ്ട്രീയം വേർതിരിവുകൾ ഉണ്ടാക്കിയിരുന്നു. പല കളികൾക്കിടയിലും രാഷ്ട്രീയം പറഞ്ഞ് കളിയാക്കലുകളും ഉണ്ടായിട്ടുണ്ട്.
എങ്കിലും അതിന്റെ വാശിയും വൈരാഗ്യവുമൊക്കെ ചുവരെഴുത്തുകളിലെ SFI-യെ പപ്പടം ആക്കുന്നതിലും KSU-വിനെ കടല ആക്കുന്നതിലും അവസാനിക്കുമായിരുന്നു.
അനീഷ്
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ