ഒമ്പതാം ക്ലാസ്സ്
"ഉത്തരം മുഴുവൻ ശരിയാ. ഇവൻ കോപ്പി അടിച്ചതാണെന്നുറപ്പാ". അലക്ഷ്യമായി എഴുതിയ ഉത്തരപേപ്പർ കാട്ടി സ്കൂളിൽ പുതിയതായി വന്ന ടീച്ചർ പറയുമ്പോൾ എന്റെ ജൂനിയേർസ് അതിലെ പേര് വായിച്ചെടുത്തു - അനീഷ് ചന്ദ്രൻ
അഞ്ചാം ക്ലാസ്സ്
"ഈ വിഷയത്തിന് മുഴുവൻ മാർക് വാങ്ങിയാൽ ഒരു സമ്മാനം ഉണ്ട്"
ജോളി ടീച്ചർ ഇത് പറയുമ്പോൾ എനിക്ക് സന്തോഷം ആയിരുന്നു. വിഷയം കണക്ക് ആയതു കൊണ്ടും, കണക്കിന് പഠിക്കാതെ പോയാൽ മുഴുവൻ മാർക്കും കിട്ടും എന്നുള്ള (അന്ധ)വിശ്വാസം ഉള്ളത് കൊണ്ടും ഞാൻ ആ സമ്മാനം ഉറപ്പിച്ചു.
പക്ഷേ ആ സമ്മാനം എന്നെ ശരിക്കും ഞെട്ടിച്ചു. ഒരു
ഹീറോ പേന. സ്റ്റിക്ക് പേന കൊണ്ടും റെയ്നോൾഡ്സ് പേന കൊണ്ടും എഴുതുന്നത് കൊണ്ടാണ് എന്റെ കൈയക്ഷരം മോശമായത് എന്ന ധാരണയിലാണ് ഞാൻ. ഹീറോ പേന എന്റെ നടുവൊടിഞ്ഞ അക്ഷരങ്ങളെ നിവർത്താൻ സാധിക്കും എന്ന് ഞാൻ വിശ്വസിച്ചു
അച്ഛനെ കൊണ്ട് ക്യാമലിന്റെ ഒരു മഷിക്കുപ്പി വാങ്ങിപ്പിച്ചു. മഷി നിറച്ചു തെല്ലും സമയം കളയാതെ എഴുതി നോക്കി. ഒരു മാറ്റവും ഇല്ല. പേന ഒന്നു കുടഞ്ഞാൽ കുറച്ചു കൂടി ക്‌ളീയർ ആയല്ലോ. റെഡ് ഓക്‌സൈഡ് തേച്ച തറയിലേക്ക് പേന ആഞ്ഞു വീശി. പേനയുടെ മുന തറയിൽ കൊണ്ട് മുന ഒടിഞ്ഞു. ഹീറോ പേന എന്റെ കൈയക്ഷരം നന്നാക്കും എന്ന ധാരണ അതോടു തീർന്നു.
ഇപ്പോഴും മുനയൊടിഞ്ഞ അക്ഷരങ്ങളുമായി ഞാൻ നടക്കുന്നു.
വാൽകഷ്ണം - "അവന്റെ അക്ഷരങ്ങൾ വായിച്ചെടുക്കാൻ ആദ്യം പാടായിരിക്കും. പക്ഷെ ഒന്നു പ്രായാസപ്പെട്ടാൽ പിന്നെ അങ്ങോട്ട് വായിച്ചെടുക്കാൻ പറ്റും" - അമ്മയുടെ ഈ വാക്കുകൾ വിശ്വസിക്കാമെങ്കിൽ, എഴുതന്നതിനേക്കാൾ പ്രയാസപ്പെട്ട് എന്റെ അക്ഷരങ്ങൾ വായിച്ചെടുത്ത എല്ലാവർക്കും നന്ദി. പ്രത്യേകിച്ചും എന്റെ ഉത്തരക്കടലാസ് വായിച്ചെടുത്ത ആദ്ധ്യാപകരോട്.
അനീഷ്